ഭൂപ്രകൃതി
ഉദ്ദേശം 40 വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഈ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും റിസര്‍വ്വുവനപ്രദേശമായിരുന്നു. പ്ലാമ്പിഴഞ്ഞി, ആലച്ചക്കോണം, വാഴിച്ചല്‍ എന്നീ വാര്‍ഡുപ്രദേശങ്ങള്‍ വനഭൂമിയായിരുന്നു. ജനസാന്ദ്രതയിലുള്ള വര്‍ദ്ധനവ് ഈ മേഖലയിലെ ജൈവവൈവിധ്യം ഇല്ലാതാക്കി. മൊത്തം വിസ്തൃതിയുടെ 29 ശതമാനത്തോളം വരുന്ന കുന്നുകളാണ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ഇത് സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 120 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. മുന്‍കാലത്ത് ഇവിടം വനപ്രദേശമായിരുന്നു. പ്ലാമ്പിഴിഞ്ഞി, വാഴിച്ചല്‍ വാര്‍ഡുകളിലെ ചില പ്രദേശങ്ങളില്‍ കരിമണ്ണ് കാണപ്പെടുന്നു. മണ്ണുസംരക്ഷണം ഇല്ലാത്തതിനാല്‍ ഉപരിതലമണ്‍പരപ്പിന്റെ കട്ടി കുറവാണ്. ഇവിടത്തെ പ്രധാനവിള റബ്ബറാണ്. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ചെറിയ തോതില്‍ കാണപ്പെടുന്നു. കശുമാവിന്‍കൃഷിയ്ക്ക് അനുയോജ്യമായ മണ്ണാണ് ഇവിടുള്ളത്. കുന്നുകള്‍ക്ക് സമാന്തരമായി പീഠഭൂമികളുള്ളത് ഇവിടുത്തെ ഭൂപ്രകൃതിയുടെ പ്രത്യേകതയാണ്. ഇതു മൊത്തം ഭൂവിസ്തൃതിയുടെ 29 ശതമാനത്തോളം വരും. ഇതിന് സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 100 മീറ്ററിലധികം ഉയരമുണ്ട്. ചരല്‍ കലര്‍ന്ന വെട്ടുകല്‍മണ്ണാണ് ഈ ഭാഗത്ത് കൂടുതലായുള്ളത്. ഈ പ്രദേശത്തെ 80 ശതമാനം ഭൂമിയിലും റബ്ബറാണ് പ്രധാന കൃഷി. അപൂര്‍വ്വമായി മാത്രം മരച്ചീനി കൃഷി ചെയ്യുന്നുണ്ട്. തെങ്ങ്, കശുമാവ്, മാവ്, പ്ലാവ്, കുരുമുളക് തുടങ്ങിയ വിളകള്‍ വീടുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളില്‍ മാത്രം കൃഷി ചെയ്തുവരുന്നു. മൊത്തം ഭൂമിയുടെ 23 ശതമാനത്തോളം വരുന്ന ചരിവുപ്രദേശങ്ങളാണ് താഴ്വരകളേയും പീഠഭൂമികളേയും തമ്മില്‍ വേര്‍തിരിക്കുന്നത്. ഇതില്‍ മൊത്തം ഭൂമിയുടെ 60 ശതമാനവും കുത്തനെയുള്ള ചരിവുകളാണ്. ബാക്കി ഇടത്തരം ചരിവുകളാണ്. നെയ്യാറിന്റേയും ചിറ്റാറിന്റേയും തീരപ്രദേശങ്ങളും, കുന്നുകള്‍ക്കിടയിലും പീഠഭൂമികള്‍ക്കിടയിലുമുള്ള പ്രദേശങ്ങളും താഴ്വരകള്‍ എന്ന വിഭാഗത്തില്‍ പെടുത്താം. ഈ ഭാഗങ്ങളില്‍ കൂടുതലും നെല്‍പ്പാടങ്ങളാണ്. ഏലാകളില്‍ നെല്‍ക്കൃഷിക്കനുയോജ്യമായ പശിമരാശി മണ്ണാണ്.