ഒറ്റനോട്ടത്തില്‍

അടിസ്ഥാനമേഖലകള്‍

കൃഷി : - 

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏകദേശം 179 ഹെക്ടര്‍ നിലങ്ങളില്‍ നെല്‍ക്കൃഷിയാണ് ചെയ്തിരുന്നത്. ആറോ ഏഴോ മേനി വിളയുന്ന നെല്ലാണ് ഇവിടങ്ങളില്‍ കൃഷി ചെയ്തിരുന്നത്. ലാഭകരമല്ലാതിരുന്നിട്ടുപോലും 1950-കളുടെ അവസാനം വരെ ഈ രീതിതന്നെ തുടര്‍ന്നുവന്നു. ഇതിനു മുഖ്യകാരണം അന്നു നിലനിന്നിരുന്ന പാട്ടവ്യവസ്ഥയാണ്. ഇന്ന് നെല്‍പ്പാടങ്ങള്‍ നികത്തി മരച്ചീനി, ഇഞ്ചി തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ആധിപത്യം നേടിയിരിക്കുന്ന കൃഷി റബ്ബറാണ്. കുന്നിന്‍പ്രദേശങ്ങളിലും ചരിവുപ്രദേശങ്ങളിലും ഇന്ന് പ്രധാനകൃഷി റബ്ബറാണ്. തെങ്ങിന്‍തോപ്പുകള്‍ വരെ വെട്ടി മാറ്റി റബ്ബര്‍കൃഷി ചെയ്യുന്ന സഥിതിവിശേഷമാണുള്ളത്. മണ്ണിന്റെ പ്രത്യേകതകളും ജൈവവൈവിധ്യം അവഗണിച്ചുള്ള കൃഷിയിറക്കലും, റബ്ബര്‍തോട്ടങ്ങളുടെ ആവിര്‍ഭാവവും, ചെങ്കുത്തായ മലയോരങ്ങളുള്ള ഈ പ്രദേശത്ത് മഴക്കാലത്ത് മണ്ണൊലിപ്പും, ഉരുള്‍പൊട്ടലും, വെള്ളപ്പൊക്കവും സാധാരണമാക്കി. വനനശീകരണവും പാറപ്പൊട്ടിക്കലും മണ്ണിലെ ജലസമ്പത്തിന്റെ അളവു കുറയ്ക്കുകയും വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയും ചെയ്യുന്നു.

വ്യവസായം:-

വ്യവസായത്തിന് ഈ പഞ്ചായത്തിലെ തൊഴില്‍മേഖലയിലുള്ള പങ്ക് വളരെ ചെറുതാണ്. ഒരു ഇടത്തരം വ്യവസായയൂണിറ്റു പോലും ഈ പഞ്ചായത്തിലില്ല. പരമ്പരാഗത കുടില്‍വ്യവസായങ്ങള്‍ വളരെ പരിമിതമാണെന്ന് മാത്രമല്ല, വന്‍തകര്‍ച്ചയെ അഭിമുഖീകരിക്കുന്നവയുമാണ്. ആലച്ചക്കോണം ഹരിജന്‍ വീവേഴ്സ് സൊസൈറ്റി, ചേനാട് സ്ഥിതി ചെയ്യുന്ന ഖാദിബോര്‍ഡിന്റെ കീഴിലുള്ള കേരള പ്രൊഡക്ഷന്‍ സ്പിന്നിംഗ് ആന്‍ഡ് വിവിംഗ് സെന്റര്‍ എന്നിവയാണ് നെയ്ത്തുവ്യവസായം നടത്തുന്നത്. ഒറ്റശേഖരമംഗലത്ത് വില്ലേജ് ആന്‍ഡ് ഖാദി ഇന്‍ഡസ്ട്രീസ് സൊസൈറ്റിയുടെ കീഴില്‍ ഒരു തീപ്പെട്ടിനിര്‍മ്മാണ യൂണിറ്റും ഒരു മെഴുകുതിരിനിര്‍മ്മാണ യൂണിറ്റും നിലവിലുണ്ട്.

ഗതാഗതം:-

 ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ നിമിത്തം 1950-കള്‍ വരെ ഈ പഞ്ചായത്ത് മറ്റു പ്രദേശങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ട ഒരു തുരുത്തായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ കാലത്ത് പണിത ആരുവാമൊഴി-ഷൊര്‍ളക്കോട് റോഡ് കടന്നു പോകുന്നത് ഈ പഞ്ചായത്തിലൂടെയാണ്. ഈ പഞ്ചായത്തിലുണ്ടായ ആദ്യത്തെ റോഡ് ഇതാണെന്നു വേണം കരുതാന്‍. കൊല്ലവര്‍ഷം 1108-ല്‍ ഒറ്റശേഖരമംഗലം-മണ്ഡപത്തിന്‍കടവ് റോഡുണ്ടായി. ഇന്ന് നിരവധി പരിമിതികളോടെയാണെങ്കിലും പഞ്ചായത്തില്‍ റോഡുകളുടെ സാമാന്യം നീണ്ട ശൃംഖല തന്നെയുണ്ട്. 1955-ല്‍ ഒറ്റശേഖരമംഗലത്ത് ചിറ്റാറിന് കുറുകെയും 1973-ല്‍ നെയ്യാറിന് കുറുകെയും പാലങ്ങള്‍ പണി തീര്‍ത്തത് ഈ പഞ്ചായത്തിലെ ഗതാഗതരംഗത്തെ നാഴികകല്ലുകളാണ്. ആദ്യമായി ടാറിട്ടത് ഒറ്റശേഖരമംഗലം മണ്ഡപത്തിന്‍കടവ് റോഡാണ്. 1951-ല്‍ മുന്‍ തിരു-കൊച്ചി മന്ത്രി ജി.ചന്ദ്രശേഖരപിള്ള സഞ്ചരിച്ച വാഹനമായിരുന്നു ഈ പഞ്ചായത്തില്‍ ആദ്യമായി ഓടിയ മോട്ടോര്‍വാഹനം. 1960-ല്‍ കെ.എസ്.ആര്‍.ടി.സി വാഴിച്ചല്‍ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചു. 1975-ല്‍ കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിലവില്‍ വന്നതിനുശേഷമാണ് കൂടുതല്‍ മേഖലകളില്‍ ബസ്സ് റൂട്ടുകള്‍ ആരംഭിച്ചത്.

വിദ്യാഭ്യാസരംഗം:-

 1857-ല്‍ സ്ഥാപിച്ച കുന്നനാട് ഗവ:എല്‍.പി.സ്കൂളാണ് (ആണ്‍ പള്ളിക്കുടം) പഞ്ചായത്തില്‍ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം. ഇവിടുത്തെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമിട്ടത് ഒറ്റശേഖരമംഗലം ക്ഷേത്രം, കുടിപളളിക്കൂടങ്ങള്‍, മിഷനറിമാര്‍, കളരികള്‍ എന്നിവയിലൂടെയാണ്. 1948-ല്‍ നിര്‍ബന്ധിതവിദ്യാഭ്യാസം നടപ്പിലാക്കുന്നതിനു മുന്‍പുതന്നെ ഈ പഞ്ചായത്തില്‍ വിദ്യാലയങ്ങള്‍ ആരംഭിച്ചുകഴിഞ്ഞരുന്നു. പല മാന്യവ്യക്തികളുടെയും സഹായത്തോടെ വിദ്യാഭ്യാസരംഗം അഭിവൃദ്ധി പ്രാപിച്ചു. ഇവരില്‍ ഹിന്ദി അധ്യാപകനായ അയ്യപ്പന്‍പിള്ള, ഈനോസ് സാര്‍, തിരുവിളശ്ശേരി കൃഷ്ണപിള്ള, സേതുവാര്യര്‍, ആര്‍.ജനാര്‍ദ്ദനന്‍ നായര്‍, ഡോ.കാനക്കോട് പരമേശ്വരന്‍ നാടാര്‍, ചടയമ്പറക്കോണം വേലായുധന്‍പിള്ള, തെങ്ങുമണ്‍മഠം ഗിരിശന്‍ നമ്പൂതിരി, പടപ്പറത്തല പത്മനാഭപിള്ള തുടങ്ങിയവര്‍ അക്കൂട്ടരില്‍ പ്രമുഖരാണ്. കുന്നനാട് എല്‍.പി.എസ്സ് കൂടാതെ പാലോട്ടുകോണത്ത് ഫെയ്ത്തുമിഷനറിമാര്‍ ഒരു പ്രൈമറിസ്കൂള്‍ ആരംഭിച്ചു. എന്നാല്‍ ഇവിടെ മിഷന്റെ പ്രവര്‍ത്തനം അധികനാള്‍ നീണ്ടുനിന്നില്ല. അവര്‍ ഇവിടം വിട്ടുപോയപ്പോള്‍ ഇവിടുള്ള ചില നാട്ടുകാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂള്‍ ഏറ്റെടുത്തു. ഒറ്റശേഖരമംഗലത്ത് ആരംഭിച്ച ഈ സ്കൂളാണ് ഒറ്റശേഖരമംഗലം എല്‍.പി.എസ്സ്. ഇതുകൂടാതെ പൂഴനാട് എല്‍.പി.ജി.എസും സ്വാതന്ത്യ്രലബ്ധിക്ക് മുമ്പ് സ്ഥാപിച്ചതാണ്. സ്വാതന്ത്യ്രത്തിനുശേഷം സ്ഥാപിതമായ വിദ്യാലയങ്ങളാണ് എസ്.എന്‍.ഡി.പി.എല്‍.പി.എസ് പ്ലാമ്പിഴിഞ്ഞി, ഒറ്റശേഖരമംഗലം ഹൈസ്കൂള്‍ (ഇത് പിന്നീട് ജനാര്‍ദ്ദനപുരം ഹൈസ്കൂളെന്നു നാമകരണം ചെയ്തു), എം.ജി.എം ഹൈസ്ക്കുള്‍ പുഴനാട്, എസ്.എസ്.എം.യു.പി.എസ് പൂഴനാട് എന്നിവ. 1957-ല്‍ കേരളാഗവണ്‍മെന്റ് മലമ്പ്രദേശങ്ങളില്‍ അനുവദിച്ച 12 ഹൈസ്കൂളുകളില്‍ ഒന്നാണ് ഒറ്റശേഖരമംഗലം ഹൈസ്കൂള്‍. മറ്റ് 11 സ്കൂളുകളും സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്.

സംസ്ക്കാരം:-

 ആധുനികതയുടെ നിറച്ചാര്‍ത്തുണ്ടെങ്കിലും ഗ്രാമഭംഗി വിട്ടുമാറാത്ത പ്രദേശമാണ് ഒറ്റശേഖരമംഗലം. കെട്ടുകഥകളോ അന്ധവിശ്വാസങ്ങളോ ആണെങ്കില്‍പോലും മുഞ്ഞവിലക്കും, ഏഴിയാന്‍വിലക്കും, പേകെട്ടലും, പുഴുവിലക്കും ഗ്രാമത്തിലും നിലനിന്നിരുന്നു. ആചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമിടയില്‍ കൂടി പ്രദേശം ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. പണ്ടുകാലത്ത് കൊയ്ത്തു കഴിഞ്ഞ്, മകരമാസത്തിലേയും ചിങ്ങമാസത്തിലേയും രാവുകളില്‍, മലയിറങ്ങി വരുന്ന കാട്ടുമക്കളുടെ രാപ്പാട്ടുസംഘത്തെ വരവേല്‍ക്കാന്‍ ഗ്രാമീണര്‍ പുന്നല്ലുമായി കാത്തുനിന്നിരുന്നു. പ്ലാമ്പിഴിഞ്ഞി, വാഴിച്ചല്‍ വാര്‍ഡുകളിലെ ആദിവാസികള്‍ക്കിടയില്‍ ചാറ്റുപാട്ട്’ ഇന്നും നിലനില്‍ക്കുന്നു. കുന്നനാട് ഗവ:എല്‍.പി.സ്കൂളിനോടൊപ്പം ഒരു ചെറിയ ഗ്രന്ഥശാല പ്രവര്‍ത്തിച്ചിരുന്നു. ഈ സ്കൂള്‍ സ്ഥാപിച്ചകാലം മുതല്‍ ഈ ഗ്രന്ഥശാലയും ഉണ്ടായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ സ്കൂളിനോടു ചേര്‍ന്ന് ഗ്രന്ഥശാല നടത്താന്‍ പല ബുദ്ധിമുട്ടുകളുമുണ്ടായി. അന്ന് ഈ ഗ്രന്ഥശാലയില്‍ ഉണ്ടായിരുന്ന പുസ്തകങ്ങള്‍ ഒറ്റശേഖരമംഗലം കിസാന്‍ ഗ്രന്ഥശാലിലേക്കു മാറ്റി, ഈ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പഞ്ചായത്തുവക ഒരു സാംസ്കാരിക നിലയം പേരേക്കോണത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ കൂടെയാണ് ഇപ്പോള്‍ പേരേക്കോണം പ്രതിഭാലൈബ്രറി പ്രവര്‍ത്തിക്കുന്നത്. ഈ പഞ്ചായത്തില്‍ നാനാജാതിമതസ്ഥര്‍ ഒരുമയോടെ ജീവിക്കുന്നു. ഒരിക്കലും മതത്തിന്റെയോ ജാതിയുടെയോ പേരിലുള്ള സംഘര്‍ഷങ്ങള്‍ ഇവിടെയുണ്ടായിട്ടില്ല. 15-ഓളം ഹൈന്ദവക്ഷേത്രങ്ങളും 25-ഓളം ക്രിസ്ത്യന്‍പള്ളികളും, മുസ്ളീം പള്ളികളും ഈ പഞ്ചായത്തിലുണ്ടു. ഒറ്റശേഖരമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രം, പൂഴനാട് പുകിലന്തറ ശ്രീധര്‍മ്മശാസ്താക്ഷേത്രം, വാഴിച്ചല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം ഇവ ദേവസ്വംബോര്‍ഡിന്റെ കീഴിലാണ്. പൂഴനാട് മുസ്ലീംപള്ളി അതിപുരാതനമായ ആരാധനാലയമാണ്. വട്ടപ്പറമ്പ് സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് നൂറ്റാണ്ടു പഴക്കമുണ്ട്.