ഒറ്റശേഖരമംഗലത്ത് സൗജന്യ മെഡിക്കൽ, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
October 5, 2026
ഒറ്റശേഖരമംഗലത്ത് സൗജന്യ മെഡിക്കൽ, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഒറ്റശേഖരമംഗലം: "സ്വച്ഛതാ ഹി സേവ 2026"-ന്റെയും "കൈയോട് കൈ" ക്യാമ്പയിന്റെയും ഭാഗമായി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ 5, തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഫഹദ് നൂർ എസ്. ന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജയകുമാർ ഡി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശ്രീമതി എസ്. ഉഷാകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബി. ഉഷാകുമാരി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം. സുന്ദരൻ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഉമാശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, പൂഴനാട് സി.എച്ച്.സി.യിലെ ഡോക്ടർ ബെൻസിലാൽ, ആരോഗ്യ പ്രവർത്തകർ എന്നിവർ ആശംസകൾ അറിയിച്ചു.
ജനറൽ പരിശോധന, രക്തസമ്മർദ്ദ പരിശോധന, രക്ത പരിശോധന, മരുന്ന് വിതരണം, ആരോഗ്യ ബോധവൽക്കരണം എന്നിവ ക്യാമ്പിൽ ഒരുക്കിയിരുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
ക്യാമ്പിന്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ നേത്ര പരിശോധനാ വിഭാഗത്തിൽ നേത്രരോഗ വിദഗ്ധരുടെ നേതൃത്വത്തിൽ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കാഴ്ച പരിശോധനയും നേത്രപരിശോധനയും നടത്തി. തിമിരം, ഗ്ലോക്കോമ, പ്രമേഹജന്യ നേത്രരോഗങ്ങൾ, കുട്ടികളുടെ നേത്രരോഗങ്ങൾ, റിഫ്രാക്ടീവ് സർജറി തുടങ്ങിയ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭ്യമാക്കിയിരുന്നു. മുതിർന്ന പൗരന്മാരും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ നേത്ര പരിശോധനയ്ക്ക് എത്തി.
. ശുചിത്വ മിഷന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന്റെ പ്രയോജനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് ലഭിച്ചു. വേദിയിൽ "കൈയോട് കൈ – സ്വച്ഛതാ ഹി സേവ 2026" ബാനറും മാലിന്യ വേർതിരിക്കൽ സന്ദേശങ്ങളും പ്രദർശിപ്പിച്ചിരുന്നു.