സ്ഥാപന ചരിത്രം
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാടു താലൂക്കിലാണ് ഒറ്റശേഖരമംഗലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ല്‍ ഒറ്റശേഖരമംഗലം പഞ്ചായത്ത് നിലവില്‍ വന്നു. ഇന്നത്തെ കള്ളിക്കാട് പഞ്ചായത്തും അമ്പൂരി പഞ്ചായത്തിന്റെ ചിലഭാഗങ്ങളുംകൂടി ചേര്‍ന്നതായിരുന്നു അക്കാലത്തെ ഒറ്റശേഖരമംഗലം പഞ്ചായത്ത്. കിഴക്ക് അഗസ്ത്യാര്‍കൂടം മുതല്‍ പടിഞ്ഞാറ് നെയ്യാര്‍ വരെയും, വടക്ക് തേവന്‍കോട് മുതല്‍ തെക്ക് ചിറ്റാര്‍ വരെയും (53 ചതുരശ്രമൈല്‍) ഒറ്റേഖരമംഗലം പഞ്ചായത്ത് വ്യാപിച്ചുകിടന്നിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ നിമിത്തം 1950-കള്‍ വരെ ഈ പഞ്ചായത്ത് മറ്റു പ്രദേശങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ട ഒരു തുരുത്തായിരുന്നു. ഒറ്റശേഖരമംഗലത്തിന്റെ ചരിത്രം ഐതിഹ്യവും യഥാര്‍ത്ഥ്യവും ഇഴചേര്‍ന്നതാണ്. പുരാണകഥാപാത്രമായ ഖരന്‍ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രമുള്ളതുകൊണ്ടാണ് ഒറ്റശേഖരമംഗലമെന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തിക്ക് കാരണമെന്നാണ് ഐതിഹ്യം. ഉജ്വലശക്തി ചൈതന്യം ത്രസിച്ചുനിന്നിരുന്ന ഒറ്റശേഖരന്റെ ദേശം എന്ന അര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് ഒറ്റശേഖരമംഗലമെന്ന പേരു സിദ്ധിച്ചതെന്ന് പഴമക്കാര്‍ പറയുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ കാലത്ത് പണിത ആരുവാമൊഴി-ഷൊര്‍ളക്കോട് റോഡ് നിലവില്‍ വന്നതോടെയാണ് ആ നിലയ്ക്കു മാറ്റമുണ്ടാവുന്നത്. ആധുനികതയുടെ നിറച്ചാര്‍ത്തുണ്ടെങ്കിലും ഇന്നും ഗ്രാമഭംഗി വിട്ടുമാറാത്ത പ്രദേശമാണ് ഒറ്റശേഖരമംഗലം. കെട്ടുകഥകളോ അന്ധവിശ്വാസങ്ങളോ ആണെങ്കില്‍ പോലും മുഞ്ഞവിലക്കും, ഏഴിയാന്‍വിലക്കും, പേകെട്ടലും, പുഴുവിലക്കും ഈ ഗ്രാമത്തിലും നിലനിന്നിരുന്നു. അവയൊക്കെയിന്നു ശാസ്ത്രത്തിന് കീഴടങ്ങിയിരിക്കുന്നു. ആചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമിടയില്‍നിന്നും ഈ നാട് ബഹുദൂരം മുന്നാട്ടു പോയിരിക്കുന്നു. ഈ പ്രദേശത്തു നിന്ന് ഉദ്ദേശം 11 കിലോമീറ്റര്‍ അകലെയാണ് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രം. ഉദ്ദേശം 40 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഈ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും റിസര്‍വ്വ് വനപ്രദേശമായിരുന്നു. പ്ളാമ്പിഴഞ്ഞി, ആലച്ചക്കോണം, വാഴിച്ചല്‍ എന്നീ വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ വനഭൂമിയായിരുന്നു. ജനസാന്ദ്രതയിലുള്ള വര്‍ദ്ധനവ് ഈ മേഖലയിലെ ജൈവവൈവിധ്യം ഇല്ലാതാക്കി. 1953-ല്‍ പഞ്ചായത്ത് നിലവില്‍ വരുമ്പോള്‍ പീരുസാഹിബ് വാടകഫീസില്ലാതെ നല്‍കിയ കെട്ടിടത്തില്‍ പൂഴനാടാണ് പഞ്ചായത്താഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. 1962-ല്‍ മണ്ഡപത്തിന്‍കടവില്‍ രാമകൃഷ്ണപിളള വാടകഫീസില്ലാതെ നല്‍കിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1983-ല്‍ പഞ്ചായത്തിനെ വിഭജിച്ച് കള്ളിക്കാട് പഞ്ചായത്ത് രൂപം കൊണ്ടു. 1968-ല്‍ വീരണാകാവ് രാമവാര്യര്‍ സംഭാവന ചെയ്ത സ്ഥലത്ത് ഇന്നു കാണുന്ന കെട്ടിടം പണിതു പ്രവര്‍ത്തനമാരംഭിച്ചു. ഈ പഞ്ചായത്തിന്റെ ഒന്നാമെത്ത പ്രസിഡന്റ് ആര്‍.ജനാര്‍ദ്ദനന്‍നായരും, വൈസ് പ്രസിഡന്റ് കെ.എന്‍.കേശവപ്പണിക്കരുമായിരുന്നു.